സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ്

2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. വേര്‍പിരിയലിനു ശേഷം ചൈത്ര സീരിയല്‍ നടിയായി തുടരുകയായിരുന്നു

author-image
Biju
New Update
chithraa

ബെംഗളൂരു: കന്നഡ സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ധന്റ നിര്‍ദേശാനുസരണമാണ് ക്വട്ടേഷന്‍ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹര്‍ഷവര്‍ധനും. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.

2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. വേര്‍പിരിയലിനു ശേഷം ചൈത്ര സീരിയല്‍ നടിയായി തുടരുകയായിരുന്നു. ഡിസംബര്‍ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹര്‍ഷവര്‍ധന്റെ നിര്‍ദേശാനുസരണം കൗശിക്ക് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താന്‍ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ അര്‍സികെരെയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു, പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.