കാന്‍പുര്‍ : ഉത്തര്‍പ്രദേശില്‍ സ്ത്രീയ്ക്കു നേരെ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ കാന്‍പുരിന് സമീപം ഗുജനിയിലെ ദേശീയപാതയില്‍ യുവതിയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. ബുധനാഴ്ച രാവിലെ 06:15നാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസന്വേഷിക്കുന്നത്.
സമീപത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപമുള്ള എതിര്‍വശത്തുള്ള ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ ഒരു യുവതി ദേശീയപാതയിലൂടെ നടന്നുപോകുന്നതായി കണ്ടിട്ടുണ്ട്. മൃതദേഹം ലഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങളാണികത്. കൊല്ലപ്പെട്ട യുവതിയാണിതെന്നാണ് പൊലീസ് കരുതുന്നത്. ദൃശ്യത്തിലെ യുവതി ധരിച്ച അതേ നിറത്തിലുള്ള വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള, സ്ത്രീകളെ കാണാതായ സംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങള്‍ നാട്ടുകാരെ കാണിച്ച് യുവതിയെ തിരിച്ചറിയാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി എല്ലിന്റേയും പല്ലിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.