/kalakaumudi/media/media_files/2025/07/08/hechandran-murder-update-2025-07-08-16-53-07.png)
കോഴിക്കോട് : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യ പ്രതി കസ്റ്റഡിയില്‍.വിദേശത്തായിരുന്ന പ്രതി നൗഷാദിനെയാണ് ബംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഗള്‍ഫിലുളള നൗഷാദ് വിസ കാലാവധി തീരുന്നതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ ഏതു വിമാനത്താവളത്തിലെത്തിയാലും പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി കോഴിക്കോട് നിന്ന് പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
ഹേമചന്ദ്രനെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വച്ച് നൗഷാദും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.അതേ സമയം കൊലപാതകം നടന്നിട്ടില്ലെന്നും ഹേമചന്ദ്രന്‍ സ്വയം ആത്മഹത്യ ചെയ്‌തെന്നുമാണ് നൗഷാദ് പറയുന്നത്.ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു.കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.ഹേമചന്ദ്രനെ കാണാനില്ലെന്ന് പറഞ്ഞ് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകമാണെന്ന സൂചനയിലേയ്ക്കെത്തിച്ചത്.ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.