/kalakaumudi/media/media_files/2025/10/19/kottayam-2025-10-19-16-12-10.jpg)
കോട്ടയം: കോട്ടയത്തെ നടുക്കി കൊലപാതകം. കോട്ടയം അയര്‍ക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി. അയര്‍ക്കുന്നം ഇളപ്പാനിയില്‍ ആണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാന്‍ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഭാര്യയെ കാണാന്‍ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു.
ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് നാടുവിടാന്‍ ശ്രമിച്ച സോണിയെ പൊലീസ് എത്തി പിടുകൂടുകയായിരുന്നു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്നു എന്ന് ഇയാള്‍ സമ്മതിച്ചു.
നിര്‍മ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയര്‍ക്കുന്നത്തായിരുന്നു താമസം. ഇയാള്‍ നിലവില്‍ ജോലി ചെയ്യുന്ന ഒരു വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടുണ്ട് എന്നാണ് മൊഴി. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.
ഇയാള്‍ പറഞ്ഞ സ്ഥലത്ത് കുഴിച്ചു പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്.