ആലപ്പുഴ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. യുവതി അടക്കം രണ്ട് പേരെ പിടികൂടി. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലിമയുടെ മൊഴി. തസ്ലീമ സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. വളരെ തന്ത്രപരമായാണ് ഇരുവരെയും എക്‌സൈസ് പിടികൂടിയത്.