സഹപ്രവര്‍ത്തകന്‍ മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് കുടുംബം

''ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് മേഘയുടെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തമായത്. സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന വിവരം ഇപ്പോഴാണ് അറിയുന്നത്. അല്ലാതെ മകള്‍ ഒന്നും വീട്ടില്‍ പറഞ്ഞിട്ടില്ല. രാജസ്ഥാനിലെ പരിശീലനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്.

author-image
Biju
New Update
gh

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ (24) ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി കുടുംബം. എടപ്പാള്‍ സ്വദേശിക്കെതിരെയാണ് ആരോപണം. മേഘയെ സഹപ്രവര്‍ത്തകനായ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നു പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.

''ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് മേഘയുടെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തമായത്. സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന വിവരം ഇപ്പോഴാണ് അറിയുന്നത്. അല്ലാതെ മകള്‍ ഒന്നും വീട്ടില്‍ പറഞ്ഞിട്ടില്ല. രാജസ്ഥാനിലെ പരിശീലനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പത്തിലായപ്പോള്‍ വിവാഹം ആലോചിക്കാന്‍ വീട്ടിലേക്കു വരാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തിനു പറ്റില്ലെന്ന് അയാള്‍ മേഘയോട് പറഞ്ഞു. 

വളരെ സങ്കടത്തിലായിരുന്നു മേഘ എന്ന് അവളുടെ സുഹൃത്തുക്കളില്‍നിന്ന് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. വീട്ടില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഫെബ്രുവരിയിലെ ശമ്പളം മുഴുവന്‍ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും മകളുടെ കയ്യില്‍ പണമില്ലായിരുന്നു എന്നാണ് സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞത്. ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകും''പിതാവ് മധുസൂദനന്‍ പറഞ്ഞു.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് മരിച്ചത്. പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമില്‍ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. 

യുവതി ട്രെയിനിനു മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയില്‍ പ്രവേശിച്ചത്.  സംഭവത്തില്‍ പേട്ട പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.