ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിന്റെ ഫോൺ കാൾ പ്രകോപനം ഉണ്ടാക്കിയെന്ന് ഡിസിപി

കഴിഞ്ഞ 24നുണ്ടായ സംഭവത്തിൽ 27നു ശേഷമാണു പ്രതിയെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽ പോയിരുന്നെന്നും ഡിസിപി പറഞ്ഞു. യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.

author-image
Anitha
New Update
hkahha

തിരുവനന്തപുരം ∙ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്നു പൊലീസ്. യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നു കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ 24നുണ്ടായ സംഭവത്തിൽ 27നു ശേഷമാണു പ്രതിയെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽ പോയിരുന്നെന്നും ഡിസിപി പറഞ്ഞു.

‘യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.

3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയെ ഗർഭഛിദ്രത്തിനു കൊണ്ടുപോയതിലും സുകാന്തിനു പങ്കുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത വരൂ.

സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലാണ്’ – ഡിസിപി പറഞ്ഞു.അതിനിടെ, കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി.

റിപ്പോർട്ട് കണക്കിലെടുത്ത് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.

suicide employees