മക്കള്‍ക്ക് ജൂസില്‍ വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; ഒരുമകള്‍ മരിച്ചു

മനോജും മൂത്തമകള്‍ ശിവനന്ദനയും അവശനിലയിലായതു കണ്ടു ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു

author-image
Biju
New Update
MAKAL

ആലപ്പുഴ: മക്കള്‍ക്ക് ജൂസില്‍ വിഷം കലര്‍ത്തി നല്‍കുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛന്‍ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാര്‍ ആലുംമൂട് ജംക്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ മനോജ് (45), മകള്‍ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകള്‍ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശിവനന്ദന മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിനിയും ശിവഗംഗ 2- ാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ഇന്നലെ മൂന്നരയ്ക്ക് സ്‌കൂള്‍ വിട്ട ശേഷം മനോജ് മക്കളെ കാറില്‍ കയറ്റി വീട്ടിലേക്കു വരുന്ന വഴി മാന്നാര്‍ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയില്‍ കാര്‍ നിര്‍ത്തിയ ശേഷമാണ് മക്കള്‍ക്കു വിഷം കലര്‍ത്തിയ ജൂസ് നല്‍കിയത്. മനോജും ജൂസ് കഴിച്ചു. ഇളയ മകള്‍ ശിവഗംഗ കയ്പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പിക്കളഞ്ഞു. 

മനോജും മൂത്തമകള്‍ ശിവനന്ദനയും അവശനിലയിലായതു കണ്ടു ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരിച്ചു. മനോജ് -ജ്യോതി ദമ്പതികള്‍ക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീര്‍ത്തിയെന്ന മകള്‍ കൂടിയുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)