യുഎസില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ആണ്‍ സുഹൃത്ത് ഇന്ത്യയിലേക്ക് കടന്നതായി സൂചന

സംശയം തോന്നിയ പോലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ ആഴത്തിലുള്ള കുത്തേറ്റ മുറിവുകളുണ്ടായിരുന്നു

author-image
Biju
New Update
nikitha

മേരിലാന്‍ഡ്: യുഎസിലെ മേരിലാന്‍ഡില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊളംബിയയിലെ എലിക്കോട്ട് സിറ്റിയില്‍ താമസിക്കുന്ന നികിത ഗോഡിഷാല (27) ആണ് കൊല്ലപ്പെട്ടത്. നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മ്മ (26) യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.

ജനുവരി രണ്ടാം തീയതി അര്‍ജുന്‍ ശര്‍മ്മയാണ് നികിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. നികിതയെ അവസാനമായി കണ്ടത് തന്റെ അപ്പാര്‍ട്ട്മെന്റിലാണെന്നും അതിനുശേഷം എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമാണ് അര്‍ജുന്‍ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ പരാതി നല്‍കിയ അതേ ദിവസം തന്നെ അര്‍ജുന്‍ ഇന്ത്യയിലേക്കുള്ള വിമാനം കയറിയതായി അന്വേഷണത്തില്‍ വ്യക്തമായി. സംശയം തോന്നിയ പോലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ ആഴത്തിലുള്ള കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.

ഡിസംബര്‍ 31-ന് വൈകുന്നേരം ഏഴുമണിയോടെ കൊലപാതകം നടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദിവസങ്ങളോളം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ തന്നെ സൂക്ഷിച്ചതായും പോലീസ് കരുതുന്നു. അര്‍ജുന്‍ ശര്‍മ്മയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.