വണ്ടൂര്‍ : മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാറില്‍ മദ്യലഹരിയിലെത്തി സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ച നാലംഗ സംഘം. സംഘത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് വടപുറം - പട്ടിക്കാട് സംസ്ഥാന പാതയിലെ നടുവത്ത് മൂച്ചിക്കലിലാണ് സംഭവം. കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് വണ്ടൂര്‍ ജങ്ഷനിലാണ് പിടികൂടിയത്. കാരാട് സ്വദേശി ബാബുരാജ്, ഭാര്യ രമണി, മകന്‍ നീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒമ്പത് വയസ്സുകാരനായ നീരജിന്റെ പരിക്ക് ഗുരുതരമാണ്.
ബാബുരാജും ഭാര്യയും മകനും വണ്ടൂര്‍ നിംസ് ആശുപത്രിയിലുള്ള ബന്ധുവിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാലംഗ സംഘം സഞ്ചരിച്ച കാര്‍ തെറ്റായ ദിശയിലെത്തി ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മുവരും റോഡിലേക്ക് തെറിച്ച് വീണു. ഇതിനിടെ, മറ്റൊരു വാഹനത്തിനെയും വാഗന്‍ ആര്‍ കാറിനേയും ഇവരുടെ കാര്‍ ഇടിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ നീരജിന്റെ വലത് കാലിലെ തുട മുറിഞ്ഞ് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രമണിയുടെ വലത് കാലിന്റെ മുട്ടിന് ഒടിവും, ചതവുമേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന പാണ്ടിക്കാട് ആക്കപറമ്പ് സ്വദേശി പുഞ്ചേരി അനിരുദ്ധിന്റെ പേരില്‍ മദ്യപിച്ച് വാഹനമോടിക്കല്‍, ഗുരുതര രീതിയില്‍ വാഹനം ഓടിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്തു.