ബില്യണ്‍ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്

തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നല്‍കിയിരിക്കുന്നത്.

author-image
Biju
Updated On
New Update
wthr

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 മുതല്‍ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.  

ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബില്യന്‍ ബീസ് എന്ന ഷെയര്‍ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരുടെ പരാതിയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് നാലുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്. 

32 പേരില്‍നിന്നായി 150 കോടിയിലേറെ രൂപ ബില്യന്‍ ബീസ് ഉടമകള്‍ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. 

കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നും ഇവര്‍ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു എത്തിയപ്പോള്‍ ബില്യന്‍ ബീസ് ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ ദുബായിലേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

fraud