ഐഷ കൊലക്കേസ് സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ്

ചേര്‍ത്തല പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ്, തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വിടാന്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഷെറിന്‍ കെ ജോര്‍ജ്ജ് ഉത്തരവിട്ടത്

author-image
Biju
New Update
saebastian

ചേര്‍ത്തല: വാരനാട് സ്വദേശിനി ഐഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ വസ്തു ഇടനിലക്കാരന്‍ സി എം സെബാസ്റ്റ്യനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം നടത്തുന്ന ചേര്‍ത്തല പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ്, തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വിടാന്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഷെറിന്‍ കെ ജോര്‍ജ്ജ് ഉത്തരവിട്ടത്. 

രണ്ടു കൊലപാതക കേസുകളില്‍ പ്രതിയായ സെബാസ്റ്റ്യനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്. ചേര്‍ത്തല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് കാരണം പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഷ സ്ഥലം വാങ്ങാനായി കരുതിവെച്ച പണവും സ്വര്‍ണവും സെബാസ്റ്റ്യന്‍ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഐഷയെ സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറ വീട്ടില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതക കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ജൂലൈ 28-ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ കത്തിയെരിച്ച ശരീരാവശിഷ്ടങ്ങള്‍ ഐഷയുടേതാണോ എന്ന സംശയത്തെ തുടര്‍ന്നാണ് ഈ കേസില്‍ പുനരന്വേഷണം നടത്തി സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. ഇന്ന് മുതല്‍ പ്രതിയുമായി വിപുലമായ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.