നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു

തന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയെന്നും ജ്വല്ലറിയുടെ അക്കൗണ്ടില്‍ കയറാത്തത് ബാങ്ക് നെറ്റ്‌വര്‍ക്ക് തകരാറിലായതിനാലാണെന്നും ഇയാള്‍ കട ഉടമയെ വിശ്വസിപ്പിച്ചു

author-image
Punnya
New Update
GOLD

കോട്ടയം: നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍ നിന്ന് 26 ഗ്രാം തട്ടിയെടുത്തു. ഓണ്‍ലൈനായി പണം അയച്ചതായും ബാങ്ക് നെറ്റ്‌വര്‍ക്ക് തകരാറിലായതിനാലാണ് വൈകുന്നതെന്നും വിശ്വസിപ്പിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. കഴിഞ്ഞ ഡിസംബര്‍ 31നാണ് കോട്ടയം ചന്തക്കടവിലെ ശ്രീലക്ഷ്മണ ജ്വല്ലറിയില്‍ തട്ടിപ്പ് നടന്നത്. 31ന് വൈകീട്ട് 4.30 ഓടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ കടയില്‍ എത്തിയത്. വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. 2.25 ലക്ഷം രൂപ വരുന്ന ആഭരണങ്ങളാണ് എടുത്തത്. ഗൂഗ്ള്‍ പേ വഴി പണം അയക്കാമെന്ന് അറിയിച്ചു. എന്നാല്‍, ഗൂഗിള്‍ പേ ആയി പണം അയക്കാനാവാതെ വന്നതോടെ അക്കൗണ്ടിലൂടെ തുക നല്‍കാമെന്ന് ഇയാള്‍ അറിയിച്ചു. ജ്വല്ലറിയുടെ അക്കൗണ്ട് നമ്പര്‍ വാങ്ങുകയും മൊബൈല്‍ വഴി പണം അയച്ചതായും അറിയിച്ചു. എന്നാല്‍, തുക ലഭിച്ചിരുന്നില്ല. തന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയെന്നും ജ്വല്ലറിയുടെ അക്കൗണ്ടില്‍ കയറാത്തത് ബാങ്ക് നെറ്റ്‌വര്‍ക്ക് തകരാറിലായതിനാലാണെന്നും ഇയാള്‍ കട ഉടമയെ വിശ്വസിപ്പിച്ചു. ഒരു മണിക്കൂറോളം കടയില്‍ ചെലവഴിച്ച ഇയാള്‍ ആഭരണങ്ങളുമായി പോകുകയും ചെയ്തു. ഇതിനിടെ കട ഉടമ ബാങ്കിനെയും പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും വര്‍ഷാന്ത്യമായതിനാല്‍ സെര്‍വര്‍ അപ്ഡേഷന്‍ നടക്കുന്നതിനാണ് 24 മണിക്കൂര്‍ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, 31ന് രാത്രി ഒമ്പതോടെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതായി ജ്വല്ലറി ഉടമകള്‍ക്ക് മനസിലായത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് തട്ടിപ്പുകാരന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചു.

JEWELLERY gold theft