ഡല്‍ഹി: തൊഴില്‍ സമ്മര്‍ദ്ദം മൂലം മറ്റൊരു ആത്മഹത്യ കൂടി. ബജാജ് ഫിനാന്‍സിലെ മാനേജര്‍, 42കാരനായ തരുണ്‍ സക്‌സേനയാണ് ജീവനൊടുക്കിയത്. കടുത്ത ജോലി സമ്മര്‍ദ്ദവും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ആരോപണം. ഭാര്യയെയും രണ്ട് മക്കളെയും മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരാണ് തരുണ്‍ സക്സേനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ പരമാവധി ശ്രദ്ധചെലുത്തിയിരുന്നിട്ടും മേലുദ്യോഗസ്ഥരില്‍ നിന്നും നേരിട്ട അപമാനത്തെക്കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ സക്സേന വിശദീകരിക്കുന്നുണ്ട്. 45 ദിവസത്തോളം ഉറങ്ങിയിരുന്നില്ല, കഷ്ടിച്ചാണ് ഭക്ഷണം പോലും കഴിച്ചത്, കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. എല്ലാവരും സുഖമായി ഇരിക്കണം. എനിക്ക് ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ചിന്തിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു. അത് കൊണ്ട് ഞാന്‍ പോകുന്നു. ഇങ്ങനെയാണ് ആത്മഹത്യാ കുറിപ്പില്‍ സക്സേന പറഞ്ഞത്.
'അച്ഛനും അമ്മയോടും ഇതുവരെ ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം ഞാന്‍ ആവശ്യപ്പെടുകയാണ് എന്റെ കുടുംബത്തിന് സുഖമായി താമസിക്കാന്‍ കഴിയുന്ന തരത്തില്‍ രണ്ടാമത്തെ നില കൂടി നിര്‍മ്മിക്കണം. ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍, ആത്മഹത്യാ കുറിപ്പില്‍ തരുണ്‍ സക്സേന ഉന്നയിച്ച ആരോപണങ്ങളോട് ബജാജ് ഫിനാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.