മരണക്കിടക്കയില്‍ ജോര്‍ലിയുടെ നിര്‍ണായക മൊഴി

കഴിഞ്ഞ 26ന് ആണു ജോര്‍ലിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

author-image
Jayakrishnan R
New Update
crime8

 

തൊടുപുഴ : ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നുതൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞ 26ന് ആണു ജോര്‍ലിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ടോണി കവിളില്‍ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്ട്രേട്ടിനും പൊലീസിനും ആശുപത്രിയില്‍വച്ചു ജോര്‍ലി നല്‍കിയ മൊഴിയാണു നിര്‍ണായകമായത്.

 ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണു ജോര്‍ലി മരിച്ചത്.
ജോര്‍ലിയുടെ പിതാവ്  ജോണ്‍ മകളുടെ  മരണത്തില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ജോര്‍ലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്.

 20 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോണ്‍ ആദ്യം നല്‍കി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നല്‍കി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂര്‍ത്തിലൂടെയും ചെലവഴിച്ചു.

മകള്‍ അലീനയുടെ (14) സ്വര്‍ണാഭരണങ്ങളും മദ്യപാനത്തിനായി പ്രതി വിറ്റിറ്റുണ്ടെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ടോണി വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നെന്നും പൊലീസ് പറയുന്നു.
ആറുമാസം മുന്‍പു വാടകവീട്ടിലേക്കു താമസം മാറി. അവിടെയും ഉപദ്രവം തുടര്‍ന്നു. വിഷം കുടിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചിരുന്നെന്നും കുടിച്ചില്ലെങ്കില്‍ കുടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു. തുടര്‍ന്നാണു ബലമായി വിഷം കൊടുത്തത്.

 വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം ടോണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്.

 

Crime murder