ചെന്നൈ: കാഞ്ചീപുരത്ത് കുറിയര്‍ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവര്‍ന്ന കേസില്‍ 5 മലയാളികള്‍ അറസ്റ്റിലായി. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുളള സന്തോഷ്, ജയന്‍, സുജിത്ലാല്‍, മുരുകന്‍, കുഞ്ഞു മുഹമ്മദ് എന്നീ 5 പേരെയാണു കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തി പിടികൂടിയത്. മുംബൈ ബോര്‍വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി.
2017 മുതല്‍ കുറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്‍, കമ്മിഷന്‍ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. ഒന്നര മാസം മുന്‍പ് നാലരക്കോടി രൂപയുമായി ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പെട്ടിലേക്കു 2 ഡ്രൈവര്‍മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോള്‍, കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കാര്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കാര്‍ കൈക്കലാക്കി. ആര്‍ക്കോട്ട് ഭാഗത്തെത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കവര്‍ച്ചസംഘം കേരളത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തിയത്. കേരളത്തിലെത്തിയ പൊലീസ് സംഘം 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 പേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ ഒരു സംഘം കേരളത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
