കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയില്‍

വ്യക്തിപരമായ പ്രശ്‌നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താല്‍പര്യം.

author-image
Biju
New Update
kannada

ബെംഗളൂരു: കന്നഡ സീരിയല്‍ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

വ്യക്തിപരമായ പ്രശ്‌നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താല്‍പര്യം. എന്നാല്‍, സര്‍ക്കാര്‍ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ല്‍ സര്‍ക്കാര്‍ സര്‍വിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയില്‍ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിര്‍ബന്ധിച്ചിരുന്നത്. ഇതില്‍ നന്ദിനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. 

നന്ദിനിയെ ഫോണില്‍ കിട്ടാതായപ്പോള്‍ സുഹൃത്തുക്കള്‍ താമസസ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനാലക്കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു നന്ദിനി. ഉടന്‍ പൊലീസില്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു.