/kalakaumudi/media/media_files/2025/08/30/knr-2025-08-30-12-09-39.jpg)
കണ്ണൂര്‍: കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്ക് നേരത്തെയും സ്‌ഫോടനക്കേസിലെ പ്രതി. 2016 മാര്‍ച്ചില്‍ പൊടിക്കുണ്ടില്‍ ഇരുനില വീട്ടില്‍ നടന്ന സ്‌ഫോടന കേസിലെ പ്രതിയാണ് അനൂപ് മാലിക്കെന്ന് പൊലീസ് പറഞ്ഞു.പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ 6 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിരുന്നു. 17 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. അന്നുണ്ടായത് 4 കോടി രൂപയില്‍ ഏറെ നഷ്ടമാണ്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളും അടക്കം നാലുപേര്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നു.
ഈ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ നടന്നുവരികയാണ്. അനൂപിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മകള്‍ അടക്കമുള്ള ആളുകള്‍ അനൂപ് മാലിക്കാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
2016ല്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ അനൂപ് മാലിക്കും സുഹൃത്ത് റാഹിലയും സഹായിയും അടക്കം മൂന്നുപേര്‍ ആണ് കേസില്‍ പ്രതികള്‍ ആയത്. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇടത് സര്‍ക്കാര്‍ ഒരുകോടിയോളം രൂപ നഷ്ടപരിഹാരം നല്‍കി. എന്നാല്‍ നഷ്ടം നാലുകോടിയും കവിഞ്ഞു എന്നായിരുന്നു പരാതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇടപെട്ട് നേരത്തെ ഉണ്ടായ കേസുകളില്‍ അനൂപ് മാലിക്കിന് സംരക്ഷണം ഒരുക്കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
കണ്ണൂരിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരിച്ചത് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്‌ഫോടനം നടന്ന വീട്ടില്‍ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.