/kalakaumudi/media/media_files/2025/03/21/SoxgMLOwGURsrzlKrdhi.jpg)
കണ്ണൂര്‍: മാതമംഗലം പുനിയങ്കോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത് ഇന്നലെയയാണ്. വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്ത്ായിരുന്നു രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പെരുമ്പടവ് അടുക്കത്തെ എന്‍.കെ.സന്തോഷിനെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തില്‍ അംഗമാണു സന്തോഷ്.
പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുന്‍പും ശേഷവും ഇയാള്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്' എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാല ഗ്രൗണ്ടിനു സമീപത്തെ പുതുതായി നിര്‍മിക്കുന്ന വീടിനു സമീപത്തുനിന്നാണ് ശബ്ദം കേട്ടത്. പടക്കംപൊട്ടിയ ശബ്ദമാണെന്ന് ആദ്യം പരിസരവാസികള്‍ കരുതി. എന്നാല്‍, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണു കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. ഇവര്‍ തമ്മില്‍ നേരത്തേയുള്ള പ്രശ്‌നങ്ങളാണു കൊലപാതകകാരണമെന്നു പറയുന്നു. മുന്‍പ്, രാധാകൃഷ്ണന്‍ സന്തോഷിനെതിരെ പരിയാരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രാധാകൃഷ്ണന്‍. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളില്‍ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോള്‍ 'ഞാനെല്ലാം പറയാം' എന്നു പൊലീസിനോടു പറയുന്നുണ്ടായിരുന്നു.
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടുമാസം മുന്‍പ് വ്യക്തിപരമായ പ്രശ്‌നത്തില്‍ സന്തോഷിനെതിരെ രാധാകൃഷ്ണന്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.