പരപ്പനങ്ങാടി: ലഹരി ഉപയോഗം സംബന്ധിച്ച വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്ക്. ആലുങ്ങല്‍ ബീച്ചില്‍ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാള്‍ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതുമാണ് നാട്ടുകാരും യുവാവിനെ അനുകൂലിക്കുന്നവരും തമ്മില്‍ തര്‍ക്കമുണ്ടാക്കിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സമാധാന ശ്രമങ്ങള്‍ നടത്തുകയും തടിച്ചു കൂടിയ ആളുകളെ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെ നേരിയ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു രാത്രിയിലെ സംഘര്‍ഷം. സ്ഥലത്ത് രാത്രി വൈകിയും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. നാട്ടുകാരായ കെ.സി. ഷാജഹാന്‍, എ.പി. ഉമ്മര്‍, വി.പി. ഫൈസല്‍, എം.പി.ബഷീര്‍, വി.പി. ഫിറോസ്, ആര്‍.പി.യൂസഫ് എന്നിവര്‍ക്കാണ് കാര്യമായി പരുക്കേറ്റത്. ഇവര്‍ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.