/kalakaumudi/media/media_files/2025/03/28/dahUsvKgobjn6a9lOxJT.jpg)
കല്‍പ്പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കര്‍ണാടകത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകള്‍ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയന്‍ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടക്കൊലയ്ക്ക് ശേഷം അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടില്‍ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്. തുടര്‍ന്ന് കര്‍ണാടക പൊലീസിന് കൈമാറി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കേസില്‍ കര്‍ണാടക പൊലീസാണ് തുടരന്വേഷണം നടത്തുക.
ഗിരീഷിന്റെ രണ്ടാം ഭാര്യയാണ് നാഗി. നാഗിയുടെ മൂന്നാം ഭര്‍ത്താവാണ് ഗിരീഷ്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പൊന്നംപേട്ടില്‍ തന്നെ പലയിടത്തായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് മരിച്ച നാഗി, കരിയന്‍, ഗൗരി എന്നിവരെല്ലാം. ഇവരുടെ പറമ്പില്‍ കാപ്പി ചെടികള്‍ ഉണ്ടായിരുന്നു. അതിലെ വിള വില്‍ക്കുന്നതിന്റെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയില്‍ കൊല നടത്തിയ ശേഷം ഗിരീഷ് ഇവിടെ നിന്ന് കടന്നു. നാഗിയും കരിയനും ഗൗരിയും ജോലിക്ക് വരാതായത് കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.