കര്‍ണാടക ഇനി മാവോയിസ്റ്റ് മുക്തം

2024 മാര്‍ച്ച് 14ന് നിലവില്‍ വന്ന പുതിയ കീഴടങ്ങല്‍ നയം പ്രകാരം, കാറ്റഗറി 'എ'യില്‍ ഉള്‍പ്പെടുന്ന മാവോയിസ്റ്റ് ആണ് രവീന്ദ്ര. കീഴടങ്ങല്‍ പാക്കേജ് അനുസരിച്ച് ഇയാള്‍ക്ക് 7.5 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറും.

author-image
Biju
New Update
dg

Raveendra

ചിക്കമംഗളൂരു: കര്‍ണാടക മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപനം. ചിക്കമംഗളൂരുവില്‍ ഒടുവിലത്തെ മാവോയിസ്റ്റും പൊലീസിന് മുന്‍പാകെ കീഴടങ്ങിയതോടെയാണ് കര്‍ണാടക പൊലീസിന്റെ പ്രഖ്യാപനം. 

വെള്ളിയാഴ്ചത്തെ കീഴടങ്ങലോടെ കര്‍ണാടക മാവോയിസ്റ്റ് മുക്ത സംസ്ഥാനമായെന്ന് ചിക്കമംഗളൂരു എസ്പി വിക്രം അമാഥെ പ്രഖ്യാപിച്ചു. സിപിഐ (മാവോയിസ്റ്റ്) സംഘടനയ്‌ക്കൊപ്പം 18 വര്‍ഷം പ്രവര്‍ത്തിച്ച 44കാരനായ കൊട്ടേഹോണ്ട രവീന്ദ്രയാണ് കര്‍ണാടക പൊലീസിന് മുന്‍പാകെ കീഴടങ്ങിയത്. 2007 മുതല്‍ കേരള, കര്‍ണാടക, തമിഴ്‌നാട് ഭാഗങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു രവീന്ദ്ര. കര്‍ണാടകത്തിലെ ശൃംഗേരി താലൂക്കില്‍ ഉള്‍പ്പെടുന്ന കൊട്ടേഹോണ്ട ആണ് സ്വദേശം. ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 13 കേസുകളും ചിക്കമംഗളൂരു പൊലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.

ശൃംഗേരിയില്‍ എത്തിയ രവീന്ദ്ര എസ്പി വിക്രം അമാഥെയ്ക്ക് മുന്‍പാകെയാണ് കീഴടങ്ങിയത്. സില പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്എസ് കീര്‍ത്തന, നക്‌സല്‍ സറണ്ടര്‍ ആന്റ് റിഹാബിലിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെപി ശ്രീപാല്‍ എന്നിവര്‍ രവീന്ദ്രയുടെ കീഴടങ്ങലിന് സാക്ഷിയായി. തുടര്‍ന്ന്, ഇയാളുടെ കീഴടങ്ങല്‍ നടപടിക്രമങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മീന നാഗരാജ് പൂര്‍ത്തിയാക്കി.

2024 മാര്‍ച്ച് 14ന് നിലവില്‍ വന്ന പുതിയ കീഴടങ്ങല്‍ നയം പ്രകാരം, കാറ്റഗറി 'എ'യില്‍ ഉള്‍പ്പെടുന്ന മാവോയിസ്റ്റ് ആണ് രവീന്ദ്ര. കീഴടങ്ങല്‍ പാക്കേജ് അനുസരിച്ച് ഇയാള്‍ക്ക് 7.5 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറും. താല്‍പര്യമെങ്കില്‍ നൈപുണ്യ പരിശീലനവും സര്‍ക്കാര്‍ നല്‍കും. ഇക്കാലയളവില്‍ മാസം 5000 രൂപ വേതനമായി നല്‍കും. അതേസമയം ഇയാള്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്ന് എസ്പി അറിയിച്ചു.

കര്‍ണാടകത്തില്‍ ഇതുവരെ 21 മാവോയിസ്റ്റുകളാണ് പൊലീസിന് മുന്‍പാകെ കീഴടങ്ങിയത്. ജനുവരിയില്‍ ആറ് മാവോയിസ്റ്റുകള്‍ ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്‍പാകെ കീഴടങ്ങി. ലത മുണ്ടഗാരു ഉള്‍പ്പെടെ ഉള്ളവരാണ് മുഖ്യമന്ത്രിക്ക് മുന്‍പാകെ കീഴടങ്ങിയത്. 

ഇവര്‍ തന്റെ യൂണിഫോമിനൊപ്പം നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി. റോസാപ്പൂവും ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളും നല്‍കിയാണ് പൊതുസമൂഹത്തിന്റെ ഭാഗമാകാനായി ആയുധം താഴെവെച്ച് എത്തിയ മാവോയിസ്റ്റുകളെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉഡുപ്പിയിലെ ഹെബ്രിയില്‍ പൊലീസിന്റെ വെടിയേറ്റ് മാവോയിസ്റ്റ് നേതാവായ വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു.

karnataka maoist