കണ്ണീരോടെ സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും

ഷഹബാസിനെ 'കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് വിദ്യാര്‍ഥികളിലൊരാള്‍ അയച്ച ഫോണ്‍ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്

author-image
Biju
New Update
SG

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചത്. 

കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടി. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ ഷബാസിനെ അവസാന നോക്കുകാണാന്‍ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. 

ഇന്നലെ രാത്രി 12.30 ഓടെയാണ് ഷബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷഹബാസ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. 

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഷഹബാസ് കൊല്ലപ്പെട്ടതില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി. ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ട് ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച ഷഹബാസ് വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ സെന്റ് ഓഫുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയിലും ഷഹബാസിന്റെ മരണത്തിലും കലാശിച്ചത്.എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാട്ട് നിന്നപ്പോള്‍ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഫോണ്‍ തകരാറിലായി പാട്ട് നിലയ്ക്കുകയും ഡാന്‍സ് തടസപ്പെടുകയുമായിരുന്നു. പിന്നാലെ കൂക്കി വിളിച്ച കുട്ടികളോട് എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ദേഷ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയിലെത്തിയത്.

കുട്ടികള്‍ ഏറ്റുമുട്ടിയതോടെ അദ്ധ്യാപകര്‍ ഇടപെട്ട് പരിപാടി നിറുത്തിച്ചു. വിദ്യാര്‍ത്ഥികളെ പറഞ്ഞുവിടുകയും ചെയ്തു. ഇതിനിടെ കണക്ക് തീര്‍ക്കണമെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആഹ്വാനങ്ങളും ചര്‍ച്ചകളുമുണ്ടായി. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയ കുട്ടികള്‍ ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഷഹബാസിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് മരണപ്പെട്ടത്.താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഷഹബാസിനെ മര്‍ദ്ദിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഷഹബാസിന്റെ മറ്റൊരു സുഹൃത്തിന് മര്‍ദ്ദനമേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം, ഷഹബാസിനെ ആരാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് അറിയില്ലെന്നും ഇവര്‍ വെളിപ്പെടുത്തി.


പ്രതികള്‍ക്ക് കൃത്യമായ ആസൂത്രണമെന്ന് പൊലീസ്

അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പൊലീസ്. ട്യൂഷന്‍ സെന്ററിലെ സംഘര്‍ഷത്തിനുശേഷം പ്രതികളായ വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ 5 പേരെ മാത്രമാണ് പിടികൂടിയത്. പതിനഞ്ചോളം പേര്‍ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി അടക്കം പരിശോധിച്ച് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

ആളുകള്‍ കൂട്ടമായി ചേര്‍ന്ന് മര്‍ദ്ദിച്ചാല്‍ കേസ് എടുക്കാനാവില്ലെന്നും എസ്എസ്എല്‍സി പരീക്ഷയായതിനാല്‍ അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പ്രതികള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തതിന്റെ ഇളവ് ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടി. വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ നഗരമദ്ധ്യത്തില്‍ വച്ചാണ് മര്‍ദ്ദിച്ചത്. അടുത്ത സുഹൃത്തായിരുന്നു വിളിച്ചിറക്കിക്കൊണ്ടുവന്നത്.

ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷവും പത്താം ക്ലാസുകാരായ മറ്റു വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു അക്രമി സംഘം. താമരശ്ശേരി സ്‌കൂളിലെ പത്താം ക്ലാസുകാരെയാണ് മര്‍ദിച്ചത്. സ്‌കൂളിനു സമീപത്തും വയലിലുമായാണ് സംഘട്ടനമുണ്ടായത്. അന്ന് രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. രക്തമുള്‍പ്പെടെ റോഡില്‍ വീണിരുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അന്നു അക്രമ സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കള്‍ എത്തുകയായിരുന്നു. നിലവിലെ കേസില്‍ പ്രതികളായ മൂന്നു കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ അക്രമത്തിന് പിന്തുണ നല്‍കിയിരുന്നതായാണ് വിവരം. ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നഞ്ചക്ക് ലഭിക്കാന്‍ മുതിര്‍ന്നവരുടെ സഹായം ലഭിച്ചോയെന്നത് പരിശോധിക്കും. പ്രതികള്‍ അംഗങ്ങളായ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളില്‍ പ്രായപൂര്‍ത്തിയായവരുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തള്ളി. അഞ്ചുപേരെയും ജുവനൈല്‍ ഹോമിലേയ്ക്ക് അയക്കും. പരീക്ഷ എഴുതാനുള്ള അവസരം നല്‍കും.

പ്രതികളിലൊരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍

കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വിദ്യാര്‍ഥികള്‍ അക്രമം നടത്തുന്നതെന്ന് താമരശ്ശേരി സ്‌കൂള്‍ പിടിഎ അംഗമായ പി.ടി. നജീബ് മാധ്യമങ്ങളോട് പറഞ്ഞു. ''വിദ്യാര്‍ഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകര്‍ക്ക് ഭയമാണ്. 

വിദ്യാര്‍ഥികള്‍ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കള്‍ക്ക്. അതിനാല്‍ എന്തും ചെയ്യാമെന്ന നിലയിലേക്ക് കുറച്ചു കുട്ടികള്‍ മാറി. എന്റെ മകന്റെ അടുത്ത സുഹൃത്താണ് ഷഹബാസ്. ഷഹബാസിന്റെ പിതാവ് ഇക്ബാലും ഞാനും സഹപാഠികളായിരുന്നു. പ്രതികളായ 5 കുട്ടികളുടെയും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പലപ്പോഴും വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല.

പല കുട്ടികളും പെരുമാറുന്നത് കുട്ടികളെപ്പോലെയല്ല. ചിലരെല്ലാം ക്രിമിനല്‍ മനസ്സുള്ളവരാണ്. അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല. അധ്യാപകരില്‍ പലരും കുട്ടികളെ ഭയന്നാണ് ജീവിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികള്‍ ചെയ്യുന്നതിനെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഷഹബാസ് യാതൊരു പ്രശ്നത്തിലും ഇടപെടാത്തവനാണ്. ഇതിനു മുന്‍പ് എന്തെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടതായി അറിവില്ല.'' നജീബ് പറഞ്ഞു.

എളേറ്റില്‍ വട്ടോളിയിലെ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഷഹബാസ്. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിക്കിടെ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുമ്പോള്‍ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂവി. ഇതോടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അന്ന് ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ നടത്തിയത്.

നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതിനു പിന്നില്‍ പുറത്തുനിന്നുള്ള പിന്തുണയുണ്ടായിരുന്നെന്നാണ് ഷഹബാസിന്റെ രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. മുതിര്‍ന്നവരുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് മര്‍ദനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നുമാണ് പൊലീസ് നിലപാട്. 

കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും; ഓഡിയോ സന്ദേശം

 കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ വെളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റേതാണ് തീരുമാനം. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ബോര്‍ഡിന്റെ നടപടി. രാവിലെ 11ഓടെയാണ് ഇവരെ രക്ഷിതാക്കള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയത്. രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. കേസില്‍ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. എംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനു പകരം വീട്ടാന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ഗൂഡാലോചനയും ആസുത്രണവും വ്യക്തമാണ്.

താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീട്ടിലേക്ക് കയറുമ്പോള്‍ കുട്ടി അവശനായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷഹബാസിന് ബോധം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെത്തിച്ച മുഹമ്മദ് സ്വാലിഹ് പറഞ്ഞു. സംഘര്‍ഷത്തിനുശേഷം കൂടെയുണ്ടായിരുന്ന കുട്ടിയാണ് വീട്ടിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്കിടയില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാര്‍ഥി സംഘര്‍ഷം അധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നുവെന്ന് ട്രിസ് ട്യൂഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രശ്നം ഒഴിവാക്കാന്‍ ഇതില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാറില്‍ അവരുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഈ വിദ്യാര്‍ഥികളോട് ഇനി ക്ലാസില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികളെന്നും പ്രിന്‍സിപ്പല്‍ അരുണ്‍ സത്യന്‍ പ്രതികരിച്ചു. ഷഹബാസ് പ്രശ്നക്കാരനായ ഒരു വിദ്യാര്‍ഥി അല്ലായിരുന്നുവെന്ന് ഏളേറ്റി വട്ടോളി എംജെ എച്ച് എസ് എസ് പ്രധാനാധ്യാപിക മിനി ജെ.യും പ്രതികരിച്ചു.

ഇന്നലെ രാത്രി 12.30ഓടെയാണ് മുഹമ്മദ് ഷഹബാസ് ആണ് മരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതിനിടെ അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ 'കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് വിദ്യാര്‍ഥികളിലൊരാള്‍ അയച്ച ഫോണ്‍ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

 

murder kozhikkod