/kalakaumudi/media/media_files/2025/11/07/lekshmi-2025-11-07-22-16-43.jpg)
കൊച്ചി: നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയെന്ന കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി നല്‍കിയവരും ലക്ഷ്മി മേനോന്‍ ഉള്‍പ്പെടെയുള്ളവരും കേസ് ഒത്തുതീര്‍ന്നു എന്ന് അറിയിച്ചതോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
ലക്ഷ്മിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികള്‍ അറിയിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ഇരു കൂട്ടരും കേസ് ഒത്തുതീര്‍പ്പാക്കിയെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതോടെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്.
ഓഗസ്റ്റ് 24ന് രാത്രി പബ്ബില്‍ പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരാതിക്കാരനെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
