/kalakaumudi/media/media_files/2025/02/19/gC8Om4YIe7lhp7Uik4KB.jpg)
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ അപ്പീലില്‍ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയില്‍ മാറ്റം സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. കേസില്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രന്‍ നാഥ്, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.
അതെസമയം അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റ ഹര്‍ജി ഫയല്‍ ചെയ്ത അഭിഭാഷകന്‍ വക്കാലത്ത് ഒഴിയുന്നതായി സുപ്രീം കോടതിയെ അറിയിച്ചു അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്. വധശിക്ഷയ്‌ക്കെതിരെ അമറുള്‍ ഇസ്ലാമിനായി മറ്റൊരു സംഘടന ഹര്‍ജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞത്.