/kalakaumudi/media/media_files/2025/02/18/x9ETR4Ui6Z5rnwBufmcX.jpg)
തിരുവനന്തപുരം: പഠന പാഠ്യേതര വിഷയങ്ങളില്‍ കേരളം ബഹുദൂരം മുന്നോട്ടുപോകുമ്പോഴും ക്യാമ്പസുകളിലെ ക്രൂരതയുടെ കാര്യത്തിലും കേരളം മുന്നില്‍തന്നെയാണ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ കാര്യവട്ടത്തു നിന്നും റാഗിംഗിന്റെ ക്രൂര കഥകളാണ് പുറത്തുവരുന്നത്. കാര്യവട്ടം കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ബിന്‍സ് ജോസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇക്കഴിഞ്ഞ 11ാം തിയതിയായിരുന്നു സംഭവം. അന്നേ ദിവസം ക്യാമ്പസില്‍ സീനീയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഷര്‍ട്ട് വലിച്ച് കീറി മുട്ടുകാലില്‍ നിര്‍ത്തി. മുതുകിലും ചെകിടത്തും അടിച്ചു. അടിയുടെ ആഘാതത്തില്‍ ബെന്‍സ് നിലത്തേക്ക് വീണു.
നിലത്ത് വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. കാലുകൊണ്ട് ചവിട്ടി. അവശനായപ്പോള്‍ ബിന്‍സ് വെള്ളം ചോദിച്ചു.കുപ്പിവെള്ളത്തില്‍ തുപ്പിയ ശേഷം ഇവര്‍ ബിന്‍സിന് നല്‍കുകയായിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആയ പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് ബിന്‍സന്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തിന് തൊട്ട് പിന്നാലെ ബിന്‍സ് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ സമിതി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നേരത്തെ തന്നെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാഗിംഗ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അടുത്തിടെ കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിംഗിന് ഇരയായിരുന്നു. കേരളത്തിലെ ക്യാമ്പസുകളിലെ റാഗിംഗിന്റെ ക്രൂരകഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദയനീയവാര്‍ത്ത പുറത്തുവന്നത്.
സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം എത്തിയിരിക്കുന്നു. 18 പേര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താന്‍ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു.
മരിച്ച സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായ പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ വീട്ടുകാര്‍ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളേജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.
പതിനാറാം തീയ്യതി മുതല്‍ പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്‌നിച്ചു.
ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്. കേസില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ 19 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഗവര്‍ണറുടെ ഇടപെടലിലൂടെ വിസിയും ഡീനും വാര്‍ഡനുമെല്ലാം നടപടി നേരിട്ടു.
കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പിന്നീട് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം.