/kalakaumudi/media/media_files/2025/04/02/GV6quaznThFzKji7fj5n.jpg)
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം തുടങ്ങിയ പൊതു ഉപാധികളോടെയാണു ജാമ്യം. 28 ദിവസത്തിനുശേഷമാണു നോബി ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്.
നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണു നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചാര്‍ത്തിയാണ് ഭര്‍ത്താവ് നോബി ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നോബി അവസാനമായി ഷൈനിയോടു പറഞ്ഞ വാക്കുകളാണ് ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു പൊലീസ് പറയുന്നത്. സംഭവം ദിവസം രാത്രി 10.30തോടെയാണ് നോബി ഭാര്യ ഷൈനിയെ വിളിച്ചത്. വാട്‌സ് ആപ്പ് കോളിലൂടെയാണ് സംസാരിച്ചത്.
'നീ നിന്റെ 2 മക്കളെയും കൊണ്ട് അവിടെത്തന്നെ നിന്നോടീ... നീയും നിന്റെ മക്കളും ചത്തശേഷം മാത്രമേ ഞാന്‍ ഇനി നാട്ടിലേക്കു വരു.... എന്നെ ദ്രോഹിക്കാതെ നിനക്കും നിന്റെ മക്കള്‍ക്കും പോയി ചത്തു കൂടെ എന്നു തുടങ്ങി ഷൈനിയെ മാനസികമായി തളര്‍ത്തുന്നതും ആത്മഹത്യയിലേക്കു തള്ളിവിടുന്ന രീതിയിലുള്ള സംസാരമായിരുന്നു നോബിയുടേതെന്നും ഇതില്‍ മനം നൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നുമാണു പൊലീസ് കണ്ടെത്തല്‍.