വിപഞ്ചിതയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പടുത്തലുകള്‍

വാട്സ് ആപ്പ് സന്ദേശം വഴിയാണ് സംസാരിക്കാന്‍ ശ്രമിച്ചതെന്ന് അഭിഭാഷകന്‍ ബിനു പറയുന്നു. തനിക്ക് ലഭിച്ച സന്ദേശത്തില്‍ വിപഞ്ചികയുടെ സംസാരത്തില്‍ യാതൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ലെന്നും, തിരികെ സന്ദേശം അയച്ചതിന് മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകന്‍ പറയുന്നു

author-image
Biju
New Update
CIPANJIKA

കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനിയായ യുവതിയും ഒന്നര വയസുകാരിയായ മകളും മരിച്ച സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. വിപഞ്ചിക മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ കുടുംബ സുഹൃത്തായ അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. 

വാട്സ് ആപ്പ് സന്ദേശം വഴിയാണ് സംസാരിക്കാന്‍ ശ്രമിച്ചതെന്ന് അഭിഭാഷകന്‍ ബിനു പറയുന്നു. തനിക്ക് ലഭിച്ച സന്ദേശത്തില്‍ വിപഞ്ചികയുടെ സംസാരത്തില്‍ യാതൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ലെന്നും, തിരികെ സന്ദേശം അയച്ചതിന് മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

അതേസമയം ഷാര്‍ജയില്‍ വിപഞ്ചികയുടെ ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തൊട്ടില്‍ കയറിലാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് മെയ്ഡിന്റെ മൊഴി. മലയാളിയായ മെയ്ഡ് പുറത്ത് പോയ സമയത്താണ് മരണങ്ങള്‍ സംഭവിച്ചതെന്നും മൊഴി. സംഭവത്തില്‍ കോട്ടയം ഡിവൈഎസ്പി വിപഞ്ചികയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. പരാതിയില്‍ വിശദമായ മൊഴി ഉടന്‍ സ്വീകരിക്കും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്.

അതേ സമയം മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചിക ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിക്ക് തന്റെ സ്വര്‍ണാഭരണങ്ങളടങ്ങിയ പൊതി ഏല്‍പ്പിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നതായി വിവരം പുറത്തുവന്നു. സ്വര്‍ണാഭരണങ്ങള്‍ കൂടാതെ, ബാങ്ക് എടിഎം കാര്‍ഡുകള്‍, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോല്‍, ആയിരം ദിര്‍ഹം എന്നിവയും പൊതിയിലുണ്ടായിരുന്നു. താന്‍ നാട്ടിലേക്ക് പോവുകയാണെന്നും പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏല്‍പ്പിക്കണമെന്നുമായിരുന്നു വിപഞ്ചിക ആവശ്യപ്പെട്ടിരുന്നത്.

വിപഞ്ചികയുടെ സഹോദര ഭാര്യയുടെ അടുത്ത ബന്ധുവാണ് ഗുരുവായൂര്‍ സ്വദേശിനി. താനും മകളും നാട്ടിലേക്ക് പോവുകയാണെന്നും തിരിച്ചു വരുന്നതുവരെയ്ക്കും സൂക്ഷിക്കാനാണ് കൈമാറുന്നതെന്നായിരുന്നു സുഹൃത്തിനോട് വിപഞ്ചിക പറഞ്ഞിരുന്നത്. നേരിട്ട് ബന്ധുവിന് കൈമാറിയാല്‍ നാട്ടിലേക്ക് പോകുന്നു എന്ന് കള്ളം പറയാനാകില്ല എന്നതായിരുന്നു ഇടയ്ക്ക് സുഹൃത്തിനെ കൂടി ഇതിലുള്‍പ്പെടുത്തിയതെന്നാണ് ബന്ധു സ്ത്രീ കരുതുന്നത്.

വിപഞ്ചികയെ ഏറെ കാലമായി അറിയാം. അവള്‍ക്ക് ഭര്‍ത്താവുമായുള്ള പ്രശ്നവും നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ ഇടയ്ക്ക് ഫോണില്‍ കുറേ നേരം സംസാരിക്കും. പലപ്പോഴും നേരിട്ടും. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു, മകളെ ഒട്ടും പരിഗണിക്കുന്നില്ല എന്നൊക്കെ വിഷമിച്ചുകൊണ്ട് വിവരിക്കുമ്പോള്‍, ഇതൊക്കെ അനുഭവിച്ച് ജീവിക്കുന്നതിലും നല്ലത് വിവാഹ മോചനം നേടുന്നതല്ലേ എന്ന് ഉപദേശിക്കുമായിരുന്നു. മകള്‍ക്ക് രണ്ടര വയസെങ്കിലും ആയിക്കഴിഞ്ഞാല്‍ അതിന് തയ്യാറാണെന്നായിരുന്നു മറുപടി.

ഇക്കാര്യങ്ങളെല്ലാം നിതീഷുമായി സംസാരിച്ചപ്പോഴൊക്കെ ഗൗരവമായ പ്രശ്നമൊന്നുമില്ലെന്നും അവള്‍ ആത്മഹത്യ ചെയ്യും എന്ന് എപ്പോഴും ഭീഷണിപ്പെടുത്തുന്നു എന്നും ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ ഇക്കാര്യം വിപഞ്ചിക നിഷേധിച്ചിരുന്നു. 

ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാലെങ്കിലും നിതീഷിന് തന്നോടും മകളോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാകട്ടെ എന്ന് വിപഞ്ചിക കരുതിക്കാണുമെന്നും ഒരിക്കലും ആ കടുംകൈ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ബന്ധുവായ സ്ത്രീ പറഞ്ഞു. വിവാഹമോചന വിഷയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എത്രയും പെട്ടെന്ന് വേണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ നിതീഷ് തന്നെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നിരുന്നു. 

സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

'മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടു. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു', വിപഞ്ചികയുടെ കുറിപ്പില്‍ പറയുന്നു.

വിപഞ്ചികയുടെ ദീര്‍ഘമായ ആത്മഹത്യ കുറിപ്പ് കേസിന് വലിയ തെളിവാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹങ്ങള്‍ എന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിപഞ്ചികയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണം തുടരുന്നു.