കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ റിട്ട. അധ്യാപിക മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.

author-image
Biju
New Update
kochi murder

കൊച്ചി: കൊച്ചി നഗരത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗര്‍ റെസിഡന്‍സ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ വനജയെ കണ്ടെത്തിയത്. 

വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.  

ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം. ഇന്ന് ഫോറന്‍സിക് വിദഗ്ധരടക്കമെത്തി ശാസ്ത്രീയ പരിശോധന നടത്തും. മോഷണശ്രമത്തിനിടയുള്ള കൊലപാതകം ആണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.