കൊല്‍ക്കത്ത: സൗത്ത് കല്‍ക്കട്ട ലോ കോളേജ് ക്യാമ്പസില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കല്യാണ്‍ ബാനര്‍ജി. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തു ചെയ്യാന്‍ പറ്റുമെന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്.
കോളേജില്‍ നടന്ന ഈ സംഭവത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്യണം. കുറച്ച് ആളുകളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്... എന്നാല്‍ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തു ചെയ്യാന്‍ പറ്റും? പോലീസ് സ്‌കൂളുകളില്‍ ഉണ്ടാകുമോ? ഇത് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയോട് ചെയ്തതാണ്. ആരാണ് പെണ്‍കുട്ടിയെ സംരക്ഷിക്കുക? ഇത് ഒരു സര്‍ക്കാര്‍ കോളേജാണ്. പോലീസ് എപ്പോഴും അവിടെ ഉണ്ടാകുമോ?' ഭരണകക്ഷി എം.പി. ചോദിച്ചു. കോളേജ് അധികൃതര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലെന്നും സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരാതെ അത്തരം കുറ്റകൃത്യങ്ങള്‍ നിയമത്തിനോ പോലീസിനോ തടയാന്‍ കഴിയില്ലെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍ ബാനര്‍ജിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രൂക്ഷമായി വിമര്‍ശിച്ചു. ലജ്ജയുടെ എല്ലാ അതിരുകളും കല്യാണ്‍ ലംഘിച്ചതായി അമിത് മാളവ്യ പറഞ്ഞു. 'അത് സഹപാഠികള്‍ ചെയ്തതാണെന്ന് പറഞ്ഞ് അദ്ദേഹം കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചു. അപ്പോള്‍ സഹപാഠികള്‍ നടത്തുന്ന ബലാത്സംഗം സ്വീകാര്യമാണോ?' ബിജെപി നേതാവ് 'എക്‌സി'ല്‍ കുറിച്ചു.
സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജൂണ്‍ 26-ന് വൈകുന്നേരം കൂട്ടബലാത്സംഗം നേരിട്ടത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍.
പ്രതികളായ കോളേജ് ജീവനക്കാരന്‍ മനോജിത് മിശ്ര(31), വിദ്യാര്‍ത്ഥികളായ സായിബ് അഹമ്മദ്(19), പ്രമിത് മുഖര്‍ജി(20) എന്നിവരെ അലിപോരിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജൂലൈ ഒന്ന് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജിയും(55) അറസ്റ്റിലായിട്ടുണ്ട്.
വൈദ്യപരിശോധനയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് യുവതി ഇരയായതെന്ന് തെളിഞ്ഞു. കടിയേറ്റ പാടുകള്‍, നഖങ്ങള്‍ കൊണ്ടുള്ള പോറലുകള്‍, മുറിവുകള്‍ തുടങ്ങിയവ ശരീരത്തില്‍ ഉടനീളമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകളും ചതവുകളുമുണ്ട്. മാത്രവുമല്ല കഴുത്തിന് ചുറ്റും രക്തം കട്ടപിടിച്ചിരിക്കുന്ന പാടുകളുമുണ്ട്.