/kalakaumudi/media/media_files/2025/03/01/xbw6InSVJRzzyrFgfaDv.jpg)
കൊല്ലം: മദ്യപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ പ്രശ്‌നമുണ്ടാക്കിയ ആളെ ഓടിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യാഭീഷണി. നാട്ടുകാര്‍ ഇടപെട്ട് റെയില്‍ വേ പാളത്തില്‍ നിന്ന് ഇറക്കിയ 20 കാരനെ വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ വെട്ടിക്കൊന്നു.
മദ്യ ലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്ന മരംകയറ്റത്തൊഴിലാളിയായ കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി എന്ന 20 കാരനാണ് 42കാരനെ കൊലപ്പെടുത്തിയത്. ചെമ്മീന്‍ കര്‍ഷക തൊഴിലാളിയായ സുരേഷ് ആണ് മരിച്ചത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ക്ഷേത്ര പരിസരത്ത് നിന്ന് പറഞ്ഞ് വിട്ടിരുന്നു.
ഇതിന് പിന്നാലെ അമ്പാടി സമീപത്തെ റെയില്‍ പാളത്തിലേക്ക് കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ട് സമാധാനിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന സുരേഷ് സംഭവത്തിന് പിന്നാലെ 20കാരനെ ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു.
അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം സുരേഷ് മടങ്ങി. എന്നാല്‍ വീടിന് അകത്തേക്ക് കയറിയ അമ്പാടി തിരികെ കൊടുവാളുമെടുത്ത് പുറത്തിറങ്ങി. ഇതിന് ശേഷം സുരേഷിനെ പിന്നീലൂടെ വന്ന് കഴുത്തിന് വെട്ടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്. പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയ അമ്പാടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. അമ്മ; മണിയമ്മ. അമ്പാടി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.