കുണ്ടറയിലേത് ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് എഫ്‌ഐആര്‍

കുണ്ടറ ആറുമുറിക്കടയില്‍ റോഡിനോട് ചേര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന ടെലിഫോണ്‍ പോസ്റ്റ് ഇന്നലെ പുലര്‍ച്ചെയാണ് അരുണും രാജേഷും ചേര്‍ന്ന് സമീപത്തെ റെയില്‍വേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തില്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവ് കണ്ടതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.

author-image
Biju
New Update
SDRGrrfg

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത് ട്രെയിന്‍ അട്ടിമറിക്കാനെന്ന് എഫ്‌ഐആര്‍. ട്രെയിന്‍ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തില്‍ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

കുണ്ടറ ആറുമുറിക്കടയില്‍ റോഡിനോട് ചേര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന ടെലിഫോണ്‍ പോസ്റ്റ് ഇന്നലെ പുലര്‍ച്ചെയാണ് അരുണും രാജേഷും ചേര്‍ന്ന് സമീപത്തെ റെയില്‍വേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തില്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവ് കണ്ടതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.

അറസ്റ്റിലായ പ്രതികളെ കേരള പൊലീസും എന്‍ഐഎയും റെയില്‍വേയുടെ മധുര ആര്‍പിഎഫ് വിഭാഗവും ചോദ്യം ചെയ്തു. ടെലിഫോണ്‍ പോസ്റ്റ് മുറിച്ച് വില്‍ക്കാന്‍ വേണ്ടിയാണ് പാളത്തില്‍ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍, ഇത് പൊലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. ട്രെയിന്‍ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് കുണ്ടറ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്.

ഇതുവഴി പോകുന്ന ട്രെയിന്‍ അട്ടിമറിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തില്‍ പോസ്റ്റ് കൊണ്ടിട്ടതെന്നും പ്രാഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാളത്തില്‍ നിന്നും ആദ്യം പോസ്റ്റ് നീക്കം ചെയ്തതിന് ശേഷം വീണ്ടും മറ്റൊരിടത്ത് പ്രതികള്‍ പോസ്റ്റ് കൊണ്ടിട്ടെന്നാണ് കുണ്ടറ പൊലീസ് സംശയിക്കുന്നത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പാളത്തില്‍ പോസ്റ്റ് വെച്ച രീതി ഇരുവരും വിവരിച്ചു. പ്രതികളുടെ ഉദ്ദേശം സ്ഥിരീകരിക്കാന്‍ വിശദമായ അന്വേഷണം തുടരും. പാലരുവി എക്‌സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് കുണ്ടറ സ്വദേശികളായ അരുണും രാജേഷും.

 

kollam train