/kalakaumudi/media/media_files/2025/01/27/kI0axdJcnQeJlBmXrG0d.jpg)
Kootickal Jayachandran
ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
പോക്‌സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടന്റെ അഭിഭാഷകരായ ആര്‍ ബസന്ത്, എ കാര്‍ത്തിക് എന്നിവര്‍ വാദിച്ചു. പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്.
നേരത്തെ വ്യാജ കേസാണിതെന്നും തനിക്കെതിരെ അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ വാദിച്ചെങ്കിലും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ബന്ധുക്കള്‍ തമ്മിലുള്ള പകയാണ് കാരണമെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഈ വാദങ്ങള്‍ നേരത്തെ ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്.
അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.