/kalakaumudi/media/media_files/2025/09/04/kottayam-2025-09-04-11-28-06.jpg)
കോട്ടയം: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതില്‍ കൂടുതല്‍ ചോദിച്ചാലും അവര്‍ നല്‍കാന്‍ തയാറായിരുന്നു.
എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നതില്‍ ഉറച്ചുനിന്നു. മര്‍ദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവര്‍ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടര്‍ ചികിത്സ വേണമെന്നും സുജിത്ത് പറഞ്ഞു.
സിസിടിവിയില്ലാത്ത ഭാഗത്തുവച്ചും എനിക്കു മര്‍ദനം ഏറ്റിരുന്നു. അഞ്ചു പൊലീസുകാര്‍ ചേര്‍ന്നു കൂട്ടമായി മര്‍ദിച്ചു. അതൊന്നും പോരാതെയാണു രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിത്. സഹിക്കാന്‍ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മര്‍ദിച്ചത്. സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അത് പിന്നീട് കേള്‍വി പ്രശ്‌നമായി മാറി.
നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. അവിടെ മാത്രം 45 തവണയാണ് അടിച്ചത്. ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ മുകളിലേക്കു കയറി വന്ന് മര്‍ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. നേതാവ് കളിക്കണ്ട, പൊലീസിനെ എതിര്‍ത്തു സംസാരിക്കാനായിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്തു ജീവിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മര്‍ദിച്ചതെന്നും സുജിത് പറയുന്നു.