/kalakaumudi/media/media_files/2025/07/24/death-2025-07-24-14-17-16.jpg)
കോഴിക്കോട് : കോഴിക്കോട് ചുങ്കം വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ 2019 ല്‍ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. കേസില്‍ സുഹൃത്തുക്കളായ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയില്‍ കെ.കെ.നിഖില്‍ (35), വേണ്ടരി സ്വദേശി ദീപേഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് അമിതമായ അളവില്‍ കുത്തിവച്ചതിനെത്തുടര്‍ന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ്ഹില്‍ വേലത്തിപടിക്കല്‍ വിജിലിനെ (29) 2019 മാര്‍ച്ച് 17 നാണ് കാണാതായത്. ചുങ്കത്തുള്ള വീട്ടില്‍ നിന്നു ബൈക്കില്‍ പോയ ശേഷം വിജിനെ ആരും കണ്ടിരുന്നില്ല. നിലവില്‍ കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത നിഖിലിനൊപ്പമാണ് വിജില്‍ ബൈക്കില്‍ പോയതെന്ന വിവരം അന്നു തന്നെ പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ വിജിലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പങ്കുണ്ടോ എന്നു വ്യക്തമായിരുന്നില്ല.
പിന്നീട് ഇയാള്‍ ഉള്‍പ്പെടെ ചില സുഹൃത്തുക്കള്‍ക്ക് ഈ തിരോധാനത്തില്‍ പങ്കുണ്ടെന്ന സൂചനകളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുവത്തുപറമ്പില്‍ രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്. സരോവരം പാര്‍ക്കിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ച് ബ്രൗണ്‍ഷുഗര്‍ അമിതമായ തോതില്‍ പ്രതികള്‍ കുത്തിവച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. തുടര്‍ന്ന് മൂന്നു പ്രതികളും ചേര്‍ന്ന് തെളിവു നശിപ്പിക്കുന്നതിനായി വിജിലിന്റെ മൃതശരീരം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് വിവരം.
ലഹരിമരുന്നു കുത്തിവച്ചതിനെതുടര്‍ന്ന് ബോധം നഷ്ടമായ വിജിലിനെ പ്രതികള്‍ തട്ടിവിളിച്ചെങ്കിലും വിജില്‍ ഉണരാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ പറമ്പില്‍ ഉപേക്ഷിച്ചു പോയതായും, രണ്ടു ദിവസത്തിനു ശേഷം സ്ഥലത്തെത്തി വിജില്‍ മരിച്ചുവെന്ന് ഉറപ്പായ ശേഷം യുവാവിനെ ചതുപ്പില്‍ കല്ലുകെട്ടിതാഴ്ത്തിയെന്നുമാണ് വിവരം. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.