/kalakaumudi/media/media_files/2025/01/17/2hzVgAXOUb7LKoyI21Of.webp)
Chendamangalam
കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കുണ്ടെന്നു സംശയിക്കുന്നതായി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഷഹബാസിന്റെ പിതാവ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഇക്ബാല്‍. ഷഹബാസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നും ഇക്ബാല്‍ പറഞ്ഞു.
ഷഹബാസിന്റെ തലയ്ക്കുള്‍പ്പെടെ പരുക്കുണ്ട്. വിദ്യാര്‍ഥികളെ കൂടാതെ പുറത്തുള്ള ആളുകളും ആയുധങ്ങള്‍ ഉപയോഗിച്ച് ഷഹബാസിനെ മര്‍ദിച്ചു. വൈകിട്ട് 5 മണിക്കു ചായയ്ക്ക് കടി വാങ്ങാനായി സുഹൃത്തിനൊപ്പമാണു ഷഹബാസ് പുറത്തുപോയത്.
അപ്പോള്‍ തന്നെ നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂറിനു ശേഷം തിരിച്ചെത്തി ഒന്നും സംസാരിക്കാതെ ഷഹബാസ് കിടക്കുകയായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. വെള്ളം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണു ക്രൂരമായി മര്‍ദനത്തിനിരയായ വിവരം അറിഞ്ഞത്. കുട്ടികള്‍ മാത്രമല്ല മര്‍ദിച്ചത്. അതുകൊണ്ടാണ് ഇത്രയും മാരമകമായി പരുക്കേറ്റത്. എല്ലുകള്‍ തകര്‍ന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.
സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദനത്തിന് ഇടിവള, നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നാണു പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണു ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുന്നതിലേക്ക് എത്തിയത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ചു.
എന്നാല്‍ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് പാട്ട് നില്‍ക്കുകയും ഡാന്‍സ് തടസ്സപ്പെടുകയും ചെയ്തു. ഈ സമയത്ത് താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും കുട്ടികള്‍ കൂകി വിളിച്ചു. ഇതിനെത്തുടര്‍ന്ന് എളേറ്റില്‍ വട്ടോളി സ്‌കൂളിലെയും താമരശ്ശേരി സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.