കുണ്ടന്നൂരിലെ തോക്ക് ചൂണ്ടി കവര്‍ച്ച; അഭിഭാഷകനടക്കം ഏഴുപേര്‍ അറസ്റ്റില്‍

മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

author-image
Biju
New Update
kunda

കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യസൂത്രധാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. എറണാകുളം ജില്ലാ അഭിഭാഷകന്‍ അടക്കമുള്ളവരാണ് പിടിയിലായത്. 

ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളടക്കം അഞ്ചുപേരെ പൊലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരില്‍ ബുഷറ എന്ന സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരില്‍ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്. 

മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത 80 ലക്ഷം രൂപയില്‍ 20 ലക്ഷം രൂപയും പൊലീസ് വലപ്പാട് നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

വലപ്പാട് സ്വദേശിയുടെ പക്കല്‍ നിന്ന് തോക്കും കണ്ടെടുത്തതായും വിവരമുണ്ട്. അതേസമയം, നോട്ട് ഇരട്ടിപ്പ് സംഘവുമായി ബന്ധമുള്ള സ്ത്രീയും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവില്‍ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു.