/kalakaumudi/media/media_files/2025/08/27/lakshmi-2-2025-08-27-21-35-18.jpg)
കൊച്ചി: ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ പ്രതി ചേര്‍ത്തതോടെ നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് പ്രതിയാക്കിയതോടെ നടി ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കൊപ്പം മറ്റൊരു വനിതാ സുഹൃത്തുമുണ്ടായിരുന്നു. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശിയായ ഐടി കമ്പനി ജീവനക്കാരനാണ് തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനു പിന്നാലെ നടിയുടെ അറസ്റ്റ് തടഞ്ഞു. ഓണത്തിനു ശേഷം കേസ് പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കും.
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ലക്ഷ്മി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു. ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരന്‍ കാറില്‍ പിന്തുടരുകയും ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോന്‍ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. പിന്നീട് തര്‍ക്കം റോഡിലേക്ക് നീങ്ങി. രാത്രി 11.45ഓടെ നോര്‍ത്ത് പാലത്തില്‍ വച്ച് പ്രതികള്‍ കാര്‍ തടഞ്ഞ് പരാതിക്കാരനെ കാറില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കാറില്‍ വച്ച് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ച നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.