ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗത്തെ എന്‍കൗണ്ടറില്‍ വധിച്ചു

ഷാര്‍പ്പ് ഷൂട്ടറും ഗുണ്ടാ നേതാവുമായ ഇയാളുടെ തലക്ക് പൊലീസ് ഒരുലക്ഷം രൂപ വിലയിട്ടിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്റെ മീററ്റ്, നോയിഡ എന്നിവിടങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) യൂണിറ്റുകള്‍ ചേര്‍ന്നാണ് എന്‍കൗണ്ടര്‍ നടത്തിയത്.

author-image
Biju
New Update
hh

ലഖ്നൗ : ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ ഷൂട്ടര്‍ ആയ ഗുണ്ടാനേതാവ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. ജിതു എന്ന ജിതേന്ദ്ര (42) ആണ് മരിച്ചത്. ഷാര്‍പ്പ് ഷൂട്ടറും ഗുണ്ടാ നേതാവുമായ ഇയാളുടെ തലക്ക് പൊലീസ് ഒരുലക്ഷം രൂപ വിലയിട്ടിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്റെ മീററ്റ്, നോയിഡ എന്നിവിടങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) യൂണിറ്റുകള്‍ ചേര്‍ന്നാണ് എന്‍കൗണ്ടര്‍ നടത്തിയത്.

മീററ്റിലെ മുണ്ടാലി പൊലീസ് സ്റ്റേഷന്‍ പ്രദേശത്ത് ബുധനാഴ്ചയായിരുന്നു എസ്ടിഎഫും ഗുണ്ടാസംഘവും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. ജിതേന്ദ്ര വെടിയേറ്റ് താഴെ വീണതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ജീതുവിനെ എസ്ടിഎഫ് സംഘം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ സിവാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജീതു, വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്.

2023 ല്‍ ഗാസിയാബാദില്‍ നടന്ന ഒരു കൊലപാതക കേസില്‍ പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. 2016-ല്‍ ഝജ്ജാറില്‍ ഇരട്ട കൊലപാതകം നടത്തിയതിന് ജിതേന്ദ്രയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2023-ല്‍ പരോളില്‍ പുറത്തിറങ്ങിയതിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 

ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നത്. ഝജ്ജാര്‍ ഇരട്ടക്കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞു വരുമ്പോഴാണ് ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധം സ്ഥാപിക്കുന്നത്. പരോളില്‍ ഇറങ്ങി ഒളിവില്‍ പോയതിനുശേഷം ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിനു വേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ചിരുന്നതായാണ് എസ്ടിഎഫ് കണ്ടെത്തിയിട്ടുള്ളത്.

Crime encounter