ലൈംഗിക പീഡനത്തെ കുറിച്ച് ആംഗ്യഭാഷയില്‍ പൊലീസിനോട് വെളിപ്പെടുത്തി യുവതി; 16 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ആംഗ്യഭാഷാ വ്യാഖ്യാതാവ് മധു കെനി, ഭര്‍ത്താവ്, മറ്റു സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോടെയാണ് അതിജീവിത പൊലീസ് സ്റ്റേഷനിലെത്തി പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞത്.

author-image
Biju
New Update
crime

മുംബൈ: സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത യുവതി 16 വര്‍ഷം മുന്‍പ് നടന്ന ലൈംഗിക പീഡനത്തെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തല്‍ പൊലീസിനെ എത്തിച്ചത് ഒട്ടേറെ ഭിന്നശേഷിക്കാരെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ കുറ്റവാളിയിലേക്ക്. പരാതിക്കു പിന്നാലെ മഹേഷ് പവാറിനെ മുംബൈ വിരാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 

ആംഗ്യഭാഷാ വ്യാഖ്യാതാവ് മധു കെനി, ഭര്‍ത്താവ്, മറ്റു സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോടെയാണ് അതിജീവിത പൊലീസ് സ്റ്റേഷനിലെത്തി പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞത്. പീഡിപ്പിക്കപ്പെട്ട മറ്റൊരു ഭിന്നശേഷിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണു തുറന്നുപറച്ചിലിലേക്ക് അതിജീവിതയെ നയിച്ചത്. 

2009ലാണ് പവാറില്‍ നിന്നു യുവതിക്കു ദുരനുഭവമുണ്ടായത്. ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കിയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. നിലവില്‍ ഏഴുപേര്‍ പീഡിപ്പിക്കപ്പെട്ടതിനു തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇരുപതിലധികം പേര്‍ ഇയാളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.