കൊല്ലത്ത് വൻ കഞ്ചാവ് വേട്ട: നഗരത്തിലെ പ്രധാന കഞ്ചാവ് മൊത്തവ്യാപാരി പിടിയിൽ

മേക്കോൺ ശിവജി മുക്ക് ഭാഗത്ത് വെച്ച് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

author-image
Shibu koottumvaathukkal
New Update
IMG-20260207-WA0013

കൊല്ലം: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബികളിലെ പ്രധാനിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. അയത്തിൽ കല്ലുംതാഴം സ്വദേശി അൽഷാദ് എസ് (33) ആണ് 6.050 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. മേക്കോൺ ശിവജി മുക്ക് ഭാഗത്ത് വെച്ച് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

IMG-20260207-WA0012

രഹസ്യവിവരത്തെത്തുടർന്നുള്ള നീക്കം

തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അൽഷാദ്. ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി 10.25-ഓടെയാണ് എക്സൈസ് പരിശോധന നടത്തിയത്. പിടിയിലായ പ്രതിയിൽ നിന്നും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

അന്വേഷണം വിപുലമാക്കുന്നു

ഇയാൾക്ക് തമിഴ്നാട്ടിലെ മയക്കുമരുന്ന് ലോബികളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ബിനുലാൽ, ഷഹാലുദ്ധീൻ, പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി ടി.ആർ, അനീഷ് കുമാർ, ഷെഫീഖ് ബി, സി.ഇ.ഒമാരായ സാലിം, ഗോകുൽ, ഡബ്ല്യു.സി.ഇ.ഒ പ്രിയങ്ക എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

kollam excise kerala