മടവൂര്‍ ഖലീഫയ്ക്ക് പൂട്ടുവീഴും; അസ്മയുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണായകം

പ്രസവ ശേഷം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണ കാരണമെന്ന വീട്ടുകാരുടെ പരാതി ശരിവയ്ക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്.

author-image
Biju
New Update
jry

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചര്‍ ചികിസ്തയ്ക്കിടെ മരിച്ചത്. 

പ്രസവ ശേഷം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണ കാരണമെന്ന വീട്ടുകാരുടെ പരാതി ശരിവയ്ക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും  അക്യുപഞ്ചര്‍ ചികിത്സാ രീതി പഠിച്ചത്. തുടര്‍ന്നുള്ള 3 പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നു.

ഒന്നരവര്‍ഷം മുന്‍പാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീന്‍. 'മടവൂര്‍ ഖലീഫ' എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. ഇവര്‍ക്ക് നാല് മക്കളുള്ളതായി പോലും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശാവര്‍ക്കര്‍മാരോട് ഗര്‍ഭിണിയല്ല എന്നും അസ്മ പറഞ്ഞിരുന്നതായും വിവരമുണ്ട്.

ഇന്നലെ 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. 9 മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി ആംബുലന്‍സില്‍ സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് തിരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചു. 

രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപ്തതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുക. 

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. അതേസമയം അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.