ചെന്നൈയില്‍ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റില്‍

മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാംപുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവര്‍ ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്

author-image
Biju
New Update
anju2

ചെന്നൈ: ചെന്നൈയില്‍ രാസലഹരി മരുന്ന് വേട്ടയില്‍ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ 'വെള്ളിമലൈ'യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ജോജു ജോര്‍ജ് നായകനായ 'ആരോ' എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 

മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാംപുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവര്‍ ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇയാളില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ച് പൊലീസ് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാന്‍ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു.

അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാംപ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.