/kalakaumudi/media/media_files/2025/12/09/mala-2025-12-09-22-29-53.jpg)
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവുമായി ബന്ധപ്പെട്ട് 2 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും.
ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
