/kalakaumudi/media/media_files/2025/12/24/ksrtc-peedanam-2025-12-24-08-18-20.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ ആള്‍ക്ക് ആറു വര്‍ഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി. വിളപ്പില്‍ കാവുംപുറം, കൊല്ലംകോണം സ്വദേശി ബിജു(46) നെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധികം കഠിന തടവും അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
2023 നവംബര്‍ 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് യാത്ര ചെയ്തു വന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. കുട്ടികള്‍ പലതവണ എതിര്‍ത്തെങ്കിലും ഇയാള്‍ അക്രമം തുടര്‍ന്നു. പിന്നാലെ കുട്ടികള്‍ ബഹളം വെച്ചതോടെയാണ് ബസിലെ ജീവനക്കാരും നാട്ടുകാരും വിവരം അറിയുന്നത്. ഇതോടെ ബസ് വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍. പ്രമോദ് കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ് കുമാര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
