അരുംകൊല; പെണ്‍സുഹൃത്തിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി, പ്രതി പിടിയില്‍

ചൊവ്വാഴ്ച മണാലി സിവില്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍വെച്ചാണ് പെണ്‍സുഹൃത്തായ ശീതള്‍ കൗശലി(26)നെ പ്രതി കൊലപ്പെടുത്തിയത്. ഇതിനുശേഷം മണാലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബജൗരയ്ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

author-image
Vishnupriya
New Update
manali
Listen to this article
0.75x 1x 1.5x
00:00 / 00:00

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഹരിയാണ പല്‍വാല്‍ സ്വദേശിയായ വിനോദിനെ(23)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച മണാലി സിവില്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍വെച്ചാണ് പെണ്‍സുഹൃത്തായ ശീതള്‍ കൗശലി(26)നെ പ്രതി കൊലപ്പെടുത്തിയത്. ഇതിനുശേഷം മണാലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബജൗരയ്ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ശീതള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി വിനോദും ശീതളും അടുപ്പത്തിലാണ്. മേയ് 13-നാണ് ഇരുവരും മണാലിയിലെത്തി സ്വകാര്യഹോട്ടലില്‍ മുറിയെടുത്തത്. 15-ന് രാത്രി 7.30-ഓടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. യാത്രയ്ക്കായി ഇയാള്‍ ടാക്‌സിയും വിളിച്ചുവരുത്തി. എന്നാൽ , യുവാവിനൊപ്പം യുവതിയെ കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. യുവാവിന്റെ കൈയില്‍ വലിയ സ്യൂട്ട്‌കേസുണ്ടായിരുന്നതും സംശയത്തിനിടയാക്കി.

കൂടെയുണ്ടായിരുന്ന യുവതി എവിടെയാണെന്ന ചോദ്യത്തിന് അവര്‍ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിനിടെ, സ്യൂട്ട്‌കേസ് കാറിന്റെ ഡിക്കിയില്‍വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിന്റെ അമിതഭാരം ഡ്രൈവറും ശ്രദ്ധിച്ചു. സ്യൂട്ട്‌കേസ് ഡിക്കിയില്‍വെക്കാന്‍ കഴിയാതിരുന്നതോടെ ഇതില്‍ എന്താണെന്ന് ഡ്രൈവർ ചോദിച്ചു. പരിഭ്രാന്തനായ പ്രതി പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് നൽകിയത്. എന്നാൽ ഹോട്ടല്‍ ജീവനക്കാരുടെയും ഡ്രൈവറുടെയും സംശയം നീങ്ങിയില്ല. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി ഹോട്ടലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

രാത്രി എട്ടുമണിയോടെ ഹോട്ടലിലെത്തിയ പോലീസ് സംഘം  സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതിക്കായി തിരച്ചിൽ ഊര്‍ജിതമാക്കി. തുടര്‍ന്ന് മണാലിയില്‍നിന്ന് ബസില്‍ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശീതളും പ്രതിയും തമ്മില്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.  ഇരുവരും നേരത്തെയും മണാലിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സംഭവദിവസം ഇരുവരും തമ്മില്‍ ഹോട്ടല്‍മുറിയില്‍വെച്ച് വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമികനിഗമനം. ഇതിനുശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം സ്യൂട്ട് കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. അതേസമയം, പ്രതിയെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

murder manali