കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് ക്രൂരമായി അടിച്ചുകൊന്നു

മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.

author-image
Biju
New Update
death

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. സ്ഥിരം ഉപദ്രവകാരിയാണ്. 

സന്തോഷിന്റെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകന്‍ സനലും (36) സന്തോഷും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിതാവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. 

പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഉപദ്രവം തുടര്‍ന്നു. പിന്നാലെ പിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോള്‍ കണ്ണില്‍ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും ഇതാരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്. 

പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. രാമകൃഷ്ണനും സനലും പൊലീസ് കസ്റ്റഡിയിലാണ്. സനലും സന്തോഷും അവിവാഹിതരാണ്.