ലിബിൻ ജോസ്
കോട്ടയം: ചീട്ടുകളിക്കിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിൻറെ മകൻറെ ആദ്യ കുർബാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ അഭിലാഷ് ലിബിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച നിർമല (55) എന്ന സ്ത്രീക്കും ബെന്നി എന്നയാൾക്കും പരുക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.