പ്രതീകാത്മക ചിത്രം
എറണാകുളം: കൊച്ചിയില്‍ വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാര്‍ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
ജിതേഷ്, ആഷിത് എന്നിവരുമായി മനില്‍കുമാര്‍ ശനിയാഴ്ച രാത്രി വീടിൻറെ പരിസരത്തുവെച്ച് വാക്കുതര്‍ക്കമുണ്ടായി . ഈ സമയം മനിലിൻറെ സുഹൃത്തായ അജിത് ആന്റണിയും കൂടെയുണ്ടായിരുന്നു. തർക്കത്തിനിടയിലാണ് മനിലിന് കുത്തേറ്റത്.
മനിലിനെ കുത്തിയതിന് പിന്നാലെ ഇവര്‍ ആന്റണിയേയും കുത്തി. മനില്‍ കുത്തേറ്റ് സംഭവസ്ഥലത്ത് തന്നെ വീണു. എന്നാല്‍ ആന്റണി ഓടി വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. ഭാര്യ ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പരിസരവാസികള്‍ മനിലിൻറെ അടുത്ത് എത്തുമ്പോഴേക്കും പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്റണിയുടെ നിലയും ഗുരുതരമാണ്.