തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരുക്കേൽപിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. വെമ്പായം സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), ആർ രാഹുൽ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആറും ഏഴും പ്രതികളായ ഇവർ ആക്രമത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ഒന്നു മുതൽ 5 വരെയുള്ള പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതാണ് ഇവർക്ക് എതിരെയുള്ള കുറ്റം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം മൂന്നായി. ആക്രമണത്തിനു കൂട്ടുനിന്ന പത്തനംത്തിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റുപ്രതികൾ. മ്യൂസിയം എസ്എച്ച്ഒ എസ് വിമൽ, എസ്ഐ എൻ ആശാചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.